Wednesday , July 30 2025, 10:08 pm

കാസര്‍കോട് ജില്ലയുടെ ഔദോഗിക പുഷ്പം പൂത്താളി ഏഷ്യാ വന്‍കരയില്‍ ഉത്തര കേരളത്തില്‍ മാത്രം

സജീവ് ഉച്ചക്കാവിൽ


ഏഷ്യാ വന്‍കരയില്‍ കേരളത്തില്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളിലെ ചെറിയ നാലു ദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വ ജലസസ്യമാണ് പൂത്താളി. വംശനാശത്തിന്റെ വക്കില്‍ 2012 ല്‍ ആണ് ഇവയെ കണ്ടെത്തി തിരിച്ചറിഞ്ഞത്. ചീമേനിയില്‍ പയ്യന്നൂര്‍ റോഡരികില്‍ തോട്ടുവാളി എന്ന ഭാഗത്തു വച്ച് റബ്ബര്‍ തോട്ടത്തിലൂടെ ഒഴുകുന്ന തോടില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അതുലിനോടൊപ്പം ആണ് പോളത്താളി എന്നും വിളിക്കുന്ന ഈ സസ്യത്തെ കാണുന്നത്
തോട്ടില്‍ താളി തേച്ച മുടി അഴിച്ചിട്ട് നീരാട്ടിലായിരുന്നു പൂത്താളി. മനോഹരമായ പൂവുകള്‍ ചൂടിയ മുടിയിലകള്‍ ഒഴുക്കില്‍ ഒലുമ്പിക്കൊണ്ടിക്കുന്നു അവള്‍. അപൂര്‍വ്വമായ ഈ കാഴ്ച തന്ന ആത്മഹര്‍ഷം വിവരണാതീതമെന്ന് പറയാതെ വയ്യ.

Crinum malabaricum എന്ന ശാസ്ത്രനാമമുള്ള ഈ ജലസസ്യം അമാരില്ലിഡേസിയേ (Amaryllidaceae) സസ്യ കുടുംബാംഗമാണ്. കാസര്‍ഗോഡ് ജില്ലയുടെ ഔദ്യോഗിക പുഷ്പമായി പ്രഖ്യാപിക്കപ്പെട്ട ഈ ചെടി ജില്ലയിലെ പെരിയ, ചീമേനി, കണ്ണൂര്‍ ജില്ലയിലെ അരവഞ്ചല്‍, എമ്പേറ്റ് എന്നീ നാലിടങ്ങളില്‍ മാത്രമേ ഇപ്പോള്‍ കാണപ്പെടുന്നുള്ളു.

ചെങ്കല്‍ പ്രദേശത്ത് മഴക്കാലത്ത് സജീവമായി ഒഴുകുന്ന അധികം ചരിവില്ലാത്ത തോടുകള്‍ ഇഷ്ടപ്പെടുന്ന ഈ സസ്യം മത്സ്യങ്ങള്‍ക്കും അനേകം ജലജീവികള്‍ക്കും പ്രജനനത്തിനുള്‍പ്പെടെ ആവാസ സ്ഥലമൊരുക്കുന്നു. തോടുകള്‍ക്കടിയിലെ ചെങ്കല്‍ പൊഴികളില്‍ ഉള്ളി പോലുള്ള കിഴങ്ങുകള്‍ (Bulbs) ഉറപ്പിച്ച് അവയില്‍ നിന്നും നീണ്ട പച്ചയിലകള്‍ നീര്‍ത്തി ഒഴുക്കിലേക്ക് ഓളത്തിനൊത്ത് വളരുന്ന വംശവ്യാപന സാമര്‍ത്ഥ്യം കുറഞ്ഞ ഈ സസ്യം വടക്കെമലബാറിന്റെ തനതു (endemic) സസ്യമാണ്. വേനലില്‍ തോടുകള്‍ വറ്റിത്തുടങ്ങുമ്പോള്‍ തോടിനടിയിലെ ചെങ്കല്‍ കുഴികളില്‍ കിഴങ്ങുകള്‍(Bulbs) നിക്ഷേപിച്ച് ഇലകള്‍ നശിച്ച് പൂത്താളി അടുത്ത മഴക്കാലം കാത്തിരിക്കുന്നു. തോടുകളുടെ ഉത്ഭവം വരെ തുരക്കുന്ന വ്യാപകമായ ചെങ്കല്‍ ഖനനത്താലും മലിനീകരണത്താലും ഇവ കടുത്ത വംശനാശഭീഷണി നേരിടുന്നു.

ഇതിനിടെ കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകനായ ഡോ. എന്‍.എസ്.പ്രദീപിന്റെ നേതൃത്വത്തില്‍ സമാനമായ വാസസ്ഥലങ്ങള്‍ കണ്ടെത്തി (Ecological Niche Modeling) ഇവയുടെ വംശം വ്യാപിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടുതുടങ്ങി എന്ന് വായിച്ചത് ആശ്വാസകരമായി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്, രത്‌നഗിരി, കര്‍ണ്ണാടകയിലെ ഉടുപ്പി ഉത്തരകന്നഡ എന്നിവിടങ്ങളിലാണ് ഇവ ഇങ്ങനെ പറിച്ചു നട്ടുപിടിപ്പിച്ചിട്ടുള്ളത് (Translocation).

മറവിരോഗത്തിനെതിരെ (Alzheimer’s disease) ഔഷധമായി ഉപയോഗിക്കുന്ന ഗാലന്റമൈന്‍ (Galantamine) എന്ന ‘ആല്‍കലോയ്ഡ്’ നാല്‍ സമ്പന്നമാണ് ഈ ജലപുഷ്പി. ഇവയുടെ കുടുംബക്കാരില്‍ കുറെ സസ്യങ്ങളില്‍ ഗാലന്റമൈന്‍ സാന്നിദ്ധ്യമുണ്ട്. ഇളംവയലറ്റ് നിറമുള്ള പൂത്തണ്ടിനറ്റത്ത് കുലയായി വിടരുന്ന വെളുത്ത് നീളമുള്ള ആറ് ഇതളുകളോട് കൂടിയ സുഗന്ധമുള്ള ഇവയുടെ പൂവുകള്‍ വളരെ ഭംഗിയുള്ളവയാണ്. പൂക്കാലം ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ്. സസ്യ കുതുകികള്‍ അടുത്ത ഓണക്കാലത്ത് കാസര്‍ഗോഡ് വന്ന് ചീമേനിയിലോ പെരിയയിലോ ഉള്ള പൂത്താളിയെ കാണു. മറവിക്കെതിരെ മരുന്നുമായി ജീവിക്കുന്ന ഈ ജലസസ്യത്തെ നമുക്ക് മറക്കാതിരിക്കാം.

 

Comments