എം.സി വസിഷ്ഠ്
കേരളത്തില്‍ ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ തലശ്ശേരിയായിരുന്നു. ക്രിക്കറ്റിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നാടോടിക്കഥകളില്‍ പ്രധാനപ്പെട്ടത് ആര്‍തര്‍ വെല്ലസ്ലിയുമായും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്യാപ്ടന് കോളിന് കൗഡ്രിയുമായും ബന്ധപ്പെട്ടതാണ്.
ബ്രിട്ടീഷ് ഭരണത്തിന് നിരന്തരം തലവേദന സൃഷ്ടിച്ച കോട്ടയം സ്വരൂപത്തിലെ കേരളവര്‍മ്മ പഴശ്ശിരാജയുടെ കലാപം അടിച്ചമര്‍ത്താന്‍ (1793-1805) തലശ്ശേരിയിലെത്തിയ ആര്‍തര്‍ വെല്ലസ്ലി തലശ്ശേരിയില്‍ ക്രിക്കറ്റ് കൊണ്ടു വന്നുവെന്നതാണ് സ്വീകാര്യമായ അഭിപ്രായം. രണ്ടാമത്തേത് 1954 നും 1975 നുമിടയില്‍ ഇംഗ്ലണ്ടിനുവേണ്ടി 114 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കോളിന് കൗഡ്രി ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് തലശ്ശേരിയില്‍ നിന്നാണ് എന്നതാണ്.
വടക്കന്‍ കേരളത്തില്‍ ബ്രിട്ടീഷുകാരുമായി ഏറെ ബന്ധമുണ്ടായിരുന്ന തിയ്യ സമൂഹമായിരുന്നു ക്രിക്കറ്റ് എന്ന സങ്കീര്‍ണ്ണമായ കായികരൂപത്തെ ഏറ്റെടുത്ത പ്രാദേശിക ജനവിഭാഗം. ഇതിന് ഉദാഹരണമായിരുന്നു തലശ്ശേരിയിലെ മാമ്പള്ളി എന്ന ക്രിക്കറ്റ് കുടുംബം.
തലശ്ശേരിയില്‍ നിന്ന് വ്യത്യസ്തമായി പാലക്കാട്ട് ക്രിക്കറ്റ് പലപ്പോഴും വരേണ്യ വര്‍ഗ്ഗത്തിന്റെ കായികരൂപമായിട്ടാണ് വളര്‍ന്നുവന്നത്. ബ്രിട്ടീഷ് ഭരണത്തോടൊപ്പം തന്നെ കൊളോണിയല്‍ ആധുനികതയുടെ ഘടകങ്ങളും ഇന്ത്യയില്‍ / മലബാറില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് പരിചയപ്പെടുത്തിയ കായികരൂപങ്ങള്‍- ക്രിക്കറ്റ്, ഫുട്ബാള്‍, ഹോക്കി, ബാഡ്മിന്റണ്‍, വോളിബാള്‍, ബാസ്ക്കറ്റ്ബാള്‍, ടെന്നീസ്, ഗോള്‍ഫ്. ഇതില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയമായത് ക്രിക്കറ്റും, ഫുട്ബാളും, ഹോക്കിയും ആയിരുന്നു. യൂറോപ്യന്‍ ആധുനികതയുടെ പ്രധാന പ്രതീകങ്ങളിലൊന്നായിട്ടാണ് ഈ കായികരൂപങ്ങള്‍ പൊതുവെ വിവക്ഷിക്കപ്പെടുന്നത്.
ബ്രിട്ടീഷ് പോലീസും പട്ടാളവും, ബ്രിട്ടീഷ് മലബാറില്‍ ഉയര്‍ന്നുവന്ന മധ്യവര്‍ഗ്ഗം, മലബാറിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍- ഇവരായിരുന്നു മലബാറില്‍ യൂറോപ്യന്‍ കായികരൂപങ്ങളുടെ പ്രധാന പ്രചാരകര്‍ അല്ലെങ്കില്‍ ആരാധകര്‍.
ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ നിരവധി പട്ടണങ്ങള്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്നു. മലബാറിന്റെ ആസ്ഥാനമായ കോഴിക്കോടിന് പുറമെ തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, ഒറ്റപ്പാലം, മലപ്പുറം, മാനന്തവാടി എന്നിവായിരുന്നു പ്രധാന പട്ടണങ്ങള്‍. ഈ പട്ടണങ്ങള്‍ ചരിത്രത്തിലാദ്യമായി രൂപംകൊണ്ട പ്രബലമായ ഒരു മധ്യവര്‍ഗ്ഗത്തിന്റെ പ്രധാന കേന്ദ്രമായി മാറി.
ചെറുതും വലുതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, അഭിഭാഷകര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട മധ്യവര്‍ഗ്ഗത്തിന്റെ പ്രധാന വിനോദാപാധികളില് ഒന്ന് യൂറോപ്യന്‍ കായികരൂപങ്ങളായിരുന്നു.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രധാന മര്‍ദ്ദന ഉപകരണങ്ങളായ പോലീസും, പട്ടാളവുമായിരുന്നു യൂറോപ്യന്‍ കായിക രൂപങ്ങളുടെ മറ്റ് പ്രധാന ആരാധകര്‍. മലബാറിലെ ബ്രിട്ടീഷ് ഭരണകൂടം സംഘടിപ്പിച്ച പ്രധാന ആഘോഷ സന്ദര്ഭങ്ങല്ലെല്ലാം തന്നെ പട്ടാളവും പോലീസും തമ്മിലുള്ള കായികമത്സരങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു.
ബ്രിട്ടീഷ് ഭരണം സ്ഥാപിക്കപ്പെട്ടതോടെ മലബാറില്‍ ക്രിസ്തുമത പ്രചരണത്തിനെത്തിയ വിഭാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രൊട്ടസ്റ്റന്റ് മിഷണറിമാരായ ബാസല്‍ മിഷണറിമാരായിരുന്നു. മിഷണറിമാരുടെ പ്രോത്സാഹനത്തില്‍ 19-ാം നൂറ്റാണ്ടിലുടനീളം മലബാറില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടു.
മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളാല്‍ സ്വാധീനിക്കക്കപ്പെട്ട ഭരണകൂടവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇതിന്റെ ഫലമായി 19-ാം നൂറ്റാണ്ടില്‍ തന്നെ മലബാറില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ കോളേജുകള്‍ ഉയര്‍ന്നുവന്നു. മലബാറിലെ പ്രധാന കോളേജുകള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് (ആദ്യകാലങ്ങളില്‍ ബാസല്‍ ജര്‍മ്മന്‍ കോളേജ് എന്ന പേരിലാണ് അതറിയപ്പെട്ടത്), സാമൂതിരി കോളേജ് (പില്ക്കാലത്ത് സാമൂതിരി ഗുരുവായൂരപ്പന് കോളേജ് എന്ന പേരില്‍ അറിയപ്പെട്ടു), വിക്ടോറിയ കോളേജ്, ബ്രണ്ണന്‍ കോളേജ് എന്നിവയായിരുന്നു. കലാലയങ്ങളിലെ യുവത്വത്തിന്റെ ഊര്‍ജ്ജം കായികമത്സരങ്ങളിലേക്ക് തിരിച്ചുവിടുക എന്നത് ഒരു കൊളോണിയല്‍ തന്ത്രമായിരുന്നു. കൂടാതെ ബ്രിട്ടീഷ് ഭരണകൂടത്തോട് വിധേയത്വം വച്ചുപുലര്‍ത്തുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ കൊളോണിയല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ കാരണമായി.