Thursday , June 26 2025, 5:28 pm

വേടന്‍ കേരളത്തിന്റെ ബോബ് മാര്‍ലി: മാര്‍ കൂറിലോസ്

കോട്ടയം: വേടന്‍ കേരളത്തിന്റെ ബോബ്മാര്‍ലിയെന്നും, അടിത്തട്ടു രാഷ്ട്രീയത്തിന്റെ പാട്ടുകാരനെന്നും മാര്‍ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മാര്‍ കൂറിലോസ് ഇങ്ങനെ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന്പുറത്തു വരാന്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കണം. കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവാനായി ഇനിയും കേരളത്തിന്റെ റെഗേ സംഗീതവിപ്ലവം അനുസ്യൂതം തുടരണം. അത്രമേല്‍ ഇഷ്ടമാണ് വേടനെ, വേടന്റെ പാട്ടുകളെ, അവയുടെ രാഷ്ട്രീയത്തെ.

എത്ര നല്ല സന്ദേശം ആണ് വേടന്‍ ഇന്ന് സമൂഹത്തിനു നല്‍കിയത്! ”തനിക്കു തെറ്റ് പറ്റി, പുകവലിയും മദ്യപാനവും നല്ല ശീലമല്ല, ഞാന്‍ തിരുത്തും” എന്ന പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നു. ജാമ്യം കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു.
മാനുഷിക മുഖം പണ്ടേ നഷ്ടപ്പെട്ട ഒരു വനം വകുപ്പ്! നമ്മുടെ കേരളം ഒട്ടും പുരോഗമനപരമല്ല എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.

ലഹരി പൂര്‍ണമായും ഉപേക്ഷിച്ചു ശക്തമായി മടങ്ങി വരിക പ്രിയപ്പെട്ട അനിയാ അനിയന്റെ ചടുല സംഗീതത്തേക്കാള്‍ വലിയ ലഹരി വേറെ എന്തുണ്ട്? സീസര്‍ കാഷിയസിനെ കുറിച്ച് പറയുന്നുണ്ട് : ”അയാളില്‍ സംഗീതമില്ല, അതുകൊണ്ട് അപകടകാരി ആയിരിക്കും ”

എന്നാല്‍ നമ്മുടെ മേലാളന്മാര്‍ ചിന്തിക്കുന്നത് തിരിച്ചാണ്: ”വേടനില്‍ സംഗീതം ഉണ്ട്. അതുകൊണ്ട് അപകടകാരിയാണ്, അവനെ ഇല്ലാതാക്കണം” നമ്മുടെ മുഖ്യധാര രാഷ്ട്രീയ കലാ സാംസ്‌കാരിക ശക്തികേന്ദ്രങ്ങള്‍ ഇന്ന് വേടനെ ഭയക്കുന്നു, കാരണം വേടന്‍ പാടുന്നതും പറയുന്നതും ഇവര്‍ എല്ലാം ഉപേക്ഷിച്ച അടിത്തട്ടു വിപ്ലവം ആണ്, സവര്‍ണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന- ബാബ സാഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണ്.

”പല്ല്” മാത്രമല്ല ”നഖവും” ഉള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടന്‍ ഇനിയും പാടുക, പറയുക. ഒപ്പം ഉണ്ട്. അധികം വൈകാതെ നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ, ജയ് ഭീം

 

Comments