Saturday , October 4 2025, 4:56 am

താമരശ്ശേരിയില്‍ പനിബാധിച്ച് മരിച്ച ഒന്‍പതുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ച് ഒന്‍പതുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് രാസ പരിശോധന ഫലം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തിയത്. താമരശ്ശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) വ്യാഴാഴ്ചയാണ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് കുട്ടിയെ ബുധനാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് കുട്ടിയും സഹോദരങ്ങളും വീടിനടുത്തുള്ള കുളത്തില്‍ കുളിച്ചതായാണ് വിവരം. ഇവിടെ നിന്നാണോ രോഗബാധയുണ്ടായതെന്ന് അന്വേഷിക്കുന്നുണ്ട്.

കോരങ്ങാട് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അനയ. നേരത്തേ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായാണ് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. അനയ അടക്കം നാല് കുട്ടികളും വീടിന് സമീപത്തെ കുളത്തില്‍ കുളിച്ചിരുന്നു. കുട്ടികള്‍ നീന്തല്‍ പഠിക്കാനും സമീപത്തുള്ളവര്‍ കുളിക്കാനും വരുന്ന കുളമാണ് ഇത്. മഴക്കാലത്ത് മാത്രമേ ഇവിടെ വെള്ളമുണ്ടാകാറുള്ളു എന്ന് പരിസരവാസികള്‍ പറയുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

 

 

 

 

 

Comments