കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സനൂപ് പറഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയില്‍ കാണിച്ചിരുന്നുവെന്നും സനൂപ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടി മരിച്ചത്. പനി വരുന്നതിന് മുമ്പ് കുട്ടിക്ക് യാതൊരുവിധ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സനൂപ് പറഞ്ഞു. ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം, പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സര്‍വേ തുടങ്ങിയിട്ടുണ്ട്.
കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിയുടെ സ്രവസാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. താമരശ്ശേരി കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. പനിയും ചര്‍ദ്ദിയും മൂലം ഇന്നലെ രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനയയെ ആരോഗ്യം നില വഷളായതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചു. മരണകാരണം അറിയാനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നുണ്ട്.