Saturday , October 4 2025, 4:53 am

പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം: നാലുലക്ഷം രൂപ മോഷ്ടിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയയില്‍ മോഷണം. പൂജപ്പുരയിലെ കഫ്റ്റീരിയയില്‍ നിന്ന് 4 ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്നലെ രാത്രി മോഷണം നടന്നു എന്നാണ് കരുതുന്നത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണിതെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. അതേസമയം സ്ഥലത്തെ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും തടവുകാരും കഫേയില്‍ ജോലി ചെയ്യുന്നുണ്ട്.

പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്ക് പോകുന്ന റോഡിന്റെ അരികിലായാണ് കഫ്റ്റീരിയ പ്രവര്‍ത്തിക്കുന്നത്. മോഷണം നടന്നകാര്യം പൂജപ്പുര പൊലീസിനെ ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭക്ഷണശാലക്ക് പിറകിലായുള്ള മുറിയിലെ മേശയിലാണ് പണം സൂക്ഷിച്ചിരുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്നത് മറ്റൊരു സ്ഥലത്താണ്. അവിടെ നിന്നും താക്കോല്‍ എടുത്ത ശേഷം മുറിയിലെത്തി പണം കവര്‍ന്നു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.

 

Comments