കോഴിക്കോട്: ‘നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കുക?’ മൂന്നാം ക്ലാസിലെ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പറിലെ ചോദ്യമാണിത്. അതിന് കുഞ്ഞു അഹാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാരങ്ങയും സ്പൂണും കളിയുടെ നിയമാവലിയാണ് അഹാൻ എഴുതിയത്. ആറു നിയമങ്ങൾ കളിക്കാർ പാലിക്കണം. അതിൽ ആറാമത്തെ നിയമമാണ് ഹൈലൈറ്റ്. “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്”.
അഹാൻ്റെ അമ്മയും മാധ്യമ പ്രവർത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസ മന്ത്രി അഹാന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ‘ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിനന്ദനങ്ങൾ. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നത്’ എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ സർക്കാർ സ്കൂളിലെ വിദ്യാർഥിയാണ് അഹാൻ.