Friday , August 1 2025, 7:10 pm

കേട്ടാല്‍ ഞെട്ടരുത്; ലോകത്തിലെ ഏറ്റവും വിലയുള്ള ഹാന്‍ഡ് ബാഗിന്റെ വില 87 കോടി

പാരീസ്: ട്വിസ്റ്റുകള്‍ക്കും അത്ഭുതങ്ങള്‍ക്കും എന്നും ഫാഷന്‍ ഇന്‍ഡസ്ട്രി ഒരു വേദിയാകാറുണ്ട്. ഇപ്പോഴിതാ ഒരു ബാഗിന്റെ ലേലമാണ് ഫാഷന്‍ ഇന്‍ഡസ്ട്രയിലെ ചര്‍ച്ചാവിഷയം. ഏറ്റവും വിലകൂടിയ ബാഗ് ഏതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കാധാരം.

കഴിഞ്ഞ 10ന് പാരീസില്‍ നടന്ന സത്ബീസ് ലേലമാണ് ലോകത്ത് ഏറ്റവും വിലയുള്ള ബാഗ് ഏതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത്. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് ഹെര്‍മിസ് രൂപകല്‍പന ചെയ്ത ആദ്യ ‘ബിര്‍കിന്‍’ ബാഗാണ് ലോകത്തില്‍ ഇപ്പോള്‍ ഏറ്റവും വിലകൂടിയ ഹാന്‍ഡ് ബാഗ്. അന്തരിച്ച ഫ്രഞ്ച് സംഗീതജ്ഞയും അഭിനേത്രിയുമായ ജെയിന്‍ ബിര്‍കിനായി ഹെര്‍മിസ് കമ്പനി 1985 ല്‍ പ്രത്യേകം നിര്‍മിച്ച ആദ്യ ബിര്‍കിന്‍ ബാഗാണ് ഇപ്പോള്‍ ലേലത്തില്‍ പോയത്. 8.6 മില്യണ്‍ യൂറോ (87 കോടി 32 ലക്ഷത്തി എഴുപത്തി എട്ടായിരത്തി നാനൂറ് രൂപ) യ്ക്ക് ജപ്പാന്‍ സ്വദേശിയാണ് ബാഗ് ലേലത്തില്‍ സ്വന്തമാക്കിയത്.

ജെയിന്‍ ബിര്‍കിന്‍ തന്റെ ‘ബിര്‍കിന്‍’ ബാഗുമായി

യുദ്ധമുഖം പോലെയായിരുന്നു ലേലവേദി എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലേലത്തില്‍ പങ്കെടുത്ത 9 പേരും ശക്തമായി ലേലത്തില്‍ പങ്കെടുത്തു. 10 മിനിട്ടോളം നീണ്ടുനിന്ന ലേലത്തിനൊടുവില്‍ ജപ്പാന്‍ സ്വദേശി ബാഗ് സ്വന്തമാക്കുകയായിരുന്നു. ഫാഷന്‍ വസ്തുക്കളില്‍ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ലേലത്തുകകളിലൊന്നാണ് ഇത്. 1981 ലെ ഒരു വിമാനയാത്രയ്ക്കിടെ ഹെര്‍മിസ് സിഇഒ ആയിരുന്ന ജീന്‍ ലൂയിസ് ഡ്യൂമാസുമായി ബിര്‍കിന്‍ നടത്തിയ സംഭാഷണത്തിനിടയിലാണ് ‘ബിര്‍കിന്‍’ ബാഗുകള്‍ എന്ന ആശയം ഉടലെടുക്കുന്നത്. യാത്രയ്ക്കിടെ ബിര്‍കിന്റെ കയ്യിലുണ്ടായിരുന്ന ഷോപ്പറില്‍ നിന്നും സാധനങ്ങള്‍ താഴെ വീണതാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകള്‍ക്കായി പ്രത്യേകമായി ഒരു ബാഗ് ഡിസൈന്‍ ചെയ്തുകൂടെ എന്ന ബിര്‍കിന്റെ ചോദ്യമാണ് ഡ്യൂമാന്‍ പിന്നീട് യാഥാര്‍ത്ഥ്യമാക്കിയത്. ആദ്യത്തെ ബാഗ് സമ്മാനിച്ചതാകട്ടെ ബിര്‍കിനു തന്നെയും.അതാണിപ്പോള്‍ ലേലത്തില്‍ പോയത്.

76ാം വയസ്സില്‍ 2023ലാണ് ബിര്‍കിന്‍ മരണപ്പെടുന്നത്. എയിഡ്‌സ് രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സാമ്പത്തികം കണ്ടെത്താന്‍ 1994ല്‍ ബിര്‍കിന്‍ തന്റെ ബാഗ് ലേലത്തില്‍ വച്ചിരുന്നു. പാരീസില്‍ നിന്നുള്ള കാതറിന്‍ ബെനിയര്‍ 25 വര്‍ഷേേത്താളം ബാഗ് സ്വന്തമാക്കി. അതിനു ശേഷം ജൂലൈയില്‍ വീണ്ടും ലേലത്തിന് വയ്ക്കുകയായിരുന്നു.

Comments