സജീവ് ഉച്ചക്കാവിൽ.
ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
ശതാവരീ മലർ പോലെ
വിശുദ്ധയായ് വിടർന്നു നീയെന്റെ
വികാര രജാങ്കണതിൽ..
പ്രിയമുള്ളവളേ
ശതാവരി നിറയെ പൂത്തുനിൽക്കുന്ന ഒരു കുറ്റിക്കാടിനരികെ നിർനിമേഷനായി നിൽക്കുമ്പോഴാണ് ഈ പാട്ടോർമ്മ.
ഭാസ്കരൻ മാഷ് എത്ര ഹൃദ്യമായും കൃത്യമായുമാണ് ശതാവരിപ്പൂക്കളെ പ്രിയമുള്ളവളോട് ഉപമിക്കുന്നത് എന്ന് വിസ്മയിച്ച് ശതാവരിപ്പുകളുടെ ചിത്രങ്ങൾ മതിയാവോളം എടുത്തു.വിശുദ്ധയായ് വിടർന്നു നീ എന്ന രൂപകം കൊണ്ടിണക്കിയ കാമുകിയുടെ നിഷ്കളങ്കത ശതാവരീ മലരിൽ തത്തിനിൽക്കുന്നു..
ശതാവരി വരണ്ട ഇല പൊഴിയും കാടുകളിൽ കണ്ടുവരുന്ന ഒരു ഔഷധവള്ളിച്ചെടിയാണ്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ വില്ലേജിൽ പനയാൽ ഭാഗത്തെ ചെങ്കൽ മേടുകളിലെ കുറ്റിക്കാടുകളിലാണ് ഇവയെ പുഷ്പിത ഗ്രാത്രിയായി കണ്ടത്.
വരൾച്ച നേരിടാനുള്ള അനുകൂലനങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് ശതാവരി. ഇവയുടെ പ്രധാന അനുകൂലനങ്ങളിലൊന്ന് അതിന്റെ വേരുകളിൽ (കിഴങ്ങ് -Tuber) ജലം സംഭരിക്കാനുള്ള കഴിവാണ്. പുറമെ ശതാവരിയിൽ നേർത്തു കാണുന്ന ഇലകൾ രൂപാന്തരം പ്രാപിച്ച കാണ്ഡങ്ങളാണ് (Phylloclades). ഇവ സസ്യസ്വേദനം (Transpiration) വഴിയുള്ള ജലനഷ്ടം തടയുന്നു.
ശതാവരിയുടെ കാണ്ഡത്തിലും ഇലകളിലും (ഫില്ലോക്ലാഡുകൾ) ഒരുതരം മെഴുക് ആവരണം (Waxy Cuticle) ഉണ്ട്. ഇത് ജലനഷ്ടം വലിയ അളവിൽ തടയാൻ സഹായിക്കുന്നു. മുള്ളുകളുള്ളതുകൊണ്ട് സസ്യാഹാരികളിൽ നിന്നും രക്ഷനേടുന്നതിനും കഴിയുന്നുണ്ട്.
അസ്പരാഗസ് റസിമോസസ് (Asparagus racemosus) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ അസ്പരാഗേസിയേ (Asparagaceae) സസ്യകുടുംബത്തിൽ പെടുന്നു.
ആയുർവേദത്തിലെ “ബൃഹത് ത്രയി” (Brihat Trayi) എന്നറിയപ്പെടുന്ന മൂന്ന് പ്രധാന ഗ്രന്ഥങ്ങളായ ചരക സംഹിത, ശുശ്രുത സംഹിത, അഷ്ടാംഗഹൃദയം എന്നിവയിലെല്ലാം ശതാവരിയുടെ പ്രാധാന്യം, ഗുണങ്ങൾ, ഉപയോഗങ്ങൾ എന്നിവ വിശദീകരിക്കുന്നുണ്ട്.
ശരീരത്തിന് പുനരുജ്ജീവന ശേഷി നൽകുന്ന ഒരു രസായന ഔഷധമായി (Rejuvenative) ശതാവരിയെ അഷ്ടാംഗഹൃദയത്തിൽ വിവരിക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം, പ്രതിരോധശേഷി, ഊർജ്ജം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വാത-പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതിനും ,
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും (Galactagogues) ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും ഇത് വിവിധ ആയുർവേദ യോഗങ്ങളിൽ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.
വെളുത്ത നിറത്തിലുള്ള പൂവുകളിൽ നിന്ന്
ചെറുവണ്ടുകളെ ആകർഷിക്കാവുന്ന ഒരു ഗന്ധം വമിക്കും. വണ്ടുകൾ പരാഗണം നടത്തുകയും ചുവന്നനിറത്തിലുള്ള കായ്കൾ ഉണ്ടാവുകയും ചെയ്യുന്നു. ഈ കായ്കൾ ആഹരിക്കുന്ന ചെറുകിളികൾ വിത്തുവിതരണം നടത്തുന്നു.
അതിജീവനത്തിനായി ഒരു ചെറു സസ്യം പരിണാമത്തിലൂടെ ഉരുത്തിരിച്ചെടുത്ത ഈ അനുകൂലനങ്ങളെല്ലാം നിഷ്ഫലമാവുന്നത് മനുഷ്യൻ്റെ അമിത ചൂഷണത്തിന് മുന്നിലാണ്.
ഇവയുടെ ഔഷധ ഗുണധാരാളിത്തമാണ് പ്രധാനമായും വിനയാവുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നാശവും വംശനാശകാരകമാണ്.
കിഴങ്ങിനു വേണ്ടി വാണിജ്യാടിസ്ഥാനത്തിൽകൃഷിയുള്ളതും അലങ്കാരച്ചെടികളായി വളർത്തുന്നു എന്നതും ശതാവരിയെ സംബന്ധിച്ച് ആശാവഹമാണ്..
.സന്ധ്യക്ക് ഉദിച്ചു വരുന്ന പൗർണമിയെ
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി യെത്തുന്ന കന്യകയായി വർണ്ണിച്ച ഭാസ്കരൻ മാഷാണ് ഈ ശതാവരിക്കാഴ്ചയെ ഇത്രമേൽ ഹൃദ്യമാക്കിയത് എന്ന് പറയാതെ വയ്യ. മാഷ് എവിടെ വച്ചായിരിക്കും ശതാവരി പൂത്തത് കണ്ടിട്ടുണ്ടാവുക..
സജീവ് ഉച്ചക്കാവിൽ