തിരുവനന്തപുരം: ദേശീയപാതാ നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എന്നാല്‍ അഴിമതിക്കെതിരെ പരാതിപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി മോദി സര്‍ക്കാരിന് മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ചാനിച്ച് നില്‍ക്കുകയാണ്. എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ദേശീയപാത കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ തകരുന്നത് കണ്ടിട്ടും ഞങ്ങള്‍ക്കൊരു പരാതിയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ദേശീയപാതയുടെ മേല്‍ അവകാശവാദമുന്നയിച്ച ആരേയും ഇപ്പോള്‍ കാണാന്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും അതില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കോടികളുടെ അഴിമതിയാണ് നടന്നതെന്നും ഗുരുതരമായ എഞ്ചിനിയറിങ് പിഴവുകള്‍ നിര്‍മാണത്തില്‍ ഉണ്ടായെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കണ്‍സ്ട്രക്ഷന്‍ കമ്പനികളുമായി സംസ്ഥാന സര്‍ക്കാരിലെ ചിലര്‍ അഴിമതിക്ക് കൂട്ടുനിന്നതിന് ഞങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പരാതിപ്പെടാന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.