കല്‍പറ്റ: വയനാട്ടില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ പ്രവേശനം ഉറപ്പാക്കി കൊഴിഞ്ഞുപോക്കു തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇക്കുറി 2,292 ഗോത്ര വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടി. വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ പ്രവേശനം ലക്ഷ്യമാക്കി ഫോക്കസ് പോയിന്റ് ക്രമീകരിച്ചതായും വിദ്യാലയതല സമിതിയുടെ നേതൃത്വത്തില്‍ ഉന്നതികള്‍ കേന്ദ്രീകരിച്ച് ഗൃഹസന്ദര്‍ശനം ആരംഭിച്ചതായും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഏകജാലകം പ്രവേശനത്തിന്റെ ഭാഗമായ അലോട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ചശേഷമുള്ള സീറ്റുകളിലേക്ക് അതത് സ്‌കൂള്‍ പരിധികളിലെ ഗോത്രവിഭാഗം വിദ്യാര്‍ഥികളെ പരിഗണിക്കും. കല്‍പറ്റ വൊക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹ്യൂമാനിറ്റീസ് വിഷയത്തില്‍ അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാകിനോട് ആവശ്യപ്പെടും.
ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് ക്ലാസ് നല്‍കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ എഴുതാന്‍ പ്രത്യേക പരിശീലനം നല്‍കും. ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് യോഗ്യത നേടിയ 50,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും 5,000 രൂപ വീതവും ഹോസ്റ്റലുകളില്‍ പഠിക്കുന്ന 50 കുട്ടികള്‍ക്ക് 1,000 രൂപ വരെ സാമ്പത്തിക സഹായവും നല്‍കും. അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ എന്‍ട്രോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കും. വിദ്യാവാഹിനി വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക് പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വാഹന സൗകര്യം ഉറപ്പാക്കാന്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയാന്‍ നടപടി സ്വീകരിക്കും: വയനാട് കലക്ടര്‍
Comments