കല്‍പറ്റ:ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനത്തിന്റെ അഭാവത്തില്‍ സംസ്ഥാനത്ത് ക്ഷീരവൃത്തി അവസാനിപ്പിക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. ഇത് കന്നുകാലി സമ്പത്തിനെയും ബാധിക്കുകയാണ്. 2019ല്‍ സംസ്ഥാനത്ത് 13,41,996 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 9,10,556 ആയി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ ഉപജീവനത്തിന് പശുവളര്‍ത്തലിനെ ആശ്രയിക്കുന്ന വയനാട്ടില്‍ 2019ല്‍ 79,753 കന്നുകാലികള്‍ ഉണ്ടായിരുന്നത് 2024ല്‍ 58,439 ആയി കുറഞ്ഞു. മറ്റു ജില്ലകളിലും വ്യത്യസ്തമല്ല സ്ഥിതി. വയനാട് ഒഴികെ ജില്ലകളില്‍ കന്നുകാലി സമ്പത്തിലുണ്ടായ കുറവിന്റെ കണക്ക്(ജില്ല, 2019ലെ എണ്ണം, 2024ലെ എണ്ണം എന്ന ക്രമത്തില്‍): തിരുവനന്തപുരം: 98,822-74,453. കൊല്ലം: 1,10,542-71,568. പത്തനംതിട്ട: 61,157-39,264. ആലപ്പുഴ: 79,370-52,338. കോട്ടയം: 81,074-50,945. ഇടുക്കി: 97,396-56,444. എറണാകുളം: 1,08,06-66,691. തൃശൂര്‍: 1,11,932-73,685. പാലക്കാട്: 1,66,952-1,34,925. മലപ്പുറം: 87,035-63,327. കോഴിക്കോട്: 94,248-62,490. കണ്ണൂര്‍: 91,687-55,969. കാസര്‍ഗോഡ്: 73,968-50468. സംസ്ഥാനത്ത് പാലിനും മാംസത്തിനും ആടുകളെ വളര്‍ത്തുന്നവരുടെ എണ്ണവും കുറയുകയാണ്. 2019ല്‍ 14 ജില്ലകളിലുമായി 13,59,161 ആടുകള്‍ ഉണ്ടായിരുന്നത് 2024ല്‍ 7,99,027 ആയി കുറഞ്ഞു.
വയനാട്ടില്‍ പ്രവാസികളുടേതടക്കം നിരവധി ഫാമുകള്‍ ഏതാനും വര്‍ഷത്തിനിടെ പൂട്ടിയതായി മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ മത്തായി പുള്ളോര്‍ക്കുടി, കെ.സി.അന്നമ്മ, ലില്ലി മാത്യു, കെ.ജെ.മാര്‍ട്ടിന്‍ എന്നിവര്‍ പറഞ്ഞു. പശുക്കൃഷി നിര്‍ത്തിയ ചെറുകിട കര്‍ഷകരുടെ എണ്ണം ആയിരക്കണക്കിനുവരും. അഞ്ച് വര്‍ഷം മുമ്പുവരെ ജില്ലയില്‍ കര്‍ഷക കുടുംബങ്ങളെല്ലാംതന്നെ ഒന്നും രണ്ടും പശുക്കളെ വളര്‍ത്തിയിരുന്നു. നിലവില്‍ മിക്ക വീടുകളോടും ചേര്‍ന്നുള്ള തൊഴുത്ത് ശൂന്യമാണ്.
കാലാവസ്ഥയിലെ പിഴവുകളും രോഗങ്ങളും കാര്‍ഷിക മേഖലയില്‍ ഏല്‍പ്പിച്ച ആഘാതത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങളാണ് പശുപരിപാലനം മുഖ്യ ഉപജീവനമാര്‍ഗമാക്കിയത്. ഇത് വയനാടന്‍ ഗ്രാമങ്ങളില്‍ ക്ഷീര വിപ്ലവത്തിനു കാരണമായി. പ്രതിദിനം ശരാശരി 2,05,000 ലിറ്റര്‍ പാല്‍ ക്ഷീരസംഘങ്ങള്‍ മുഖേന വയനാട് ഡയറിയില്‍ സംഭരിച്ചിരുന്നു. 56 ക്ഷീര സംഘങ്ങള്‍ ജില്ലയിലുണ്ട്. 55 എണ്ണം ആപ്‌കോസ് വിഭാഗത്തിലും ഒരെണ്ണം(ബത്തേരി) പരമ്പരാഗത വിഭാഗത്തിലുമുള്ളതാണ്.
നിലവില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നതിനു ശരാശരി 55 രൂപ ചെലവ് വരും. ക്ഷീരസംഘത്തില്‍ അളക്കുന്ന പാല്‍ ലിറ്ററിന് 41 രൂപ വരെയാണ് കര്‍ഷകന് വില കിട്ടുന്നത്. ഏകദേശം 15 രൂപയാണ് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുമ്പോള്‍ നഷ്ടം. ഈ സാഹചര്യമാണ് ക്ഷീരവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകരുടെ എണ്ണവും കന്നുകാലി സമ്പത്തും കുറയുന്നതിന് മുഖ്യകാരണം.
കര്‍ഷകരെ ക്ഷീര മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നതിന് പാല്‍ ലിറ്ററിന് 70 രൂപയെങ്കിലും വില ലഭ്യമാക്കേണ്ടതുണ്ടെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മില്‍ക്ക് ചാര്‍ട്ട് പുതുക്കണം. മൃഗാശുപത്രികളില്‍ ലാബ് സൗകര്യം മെച്ചപ്പെടുത്തണം. മുഴുവന്‍ പശുക്കള്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണം. മൃഗാശുപത്രികളില്‍ ആവശ്യത്തിനു മരുന്നുകള്‍ ലഭ്യമാക്കണം. അത്യുത്പാദനശേഷിയുള്ള പശുക്കളെ സൃഷിക്കാന്‍ കഴിയുന്ന ബീജം സപ്ലൈ ചെയ്യണം. സബ്‌സിഡികള്‍ ക്ഷീരകര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ടു നല്‍കണം. ഇതെല്ലാം ക്ഷീര കര്‍ഷകര്‍ക്കു പ്രോത്സാഹനമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
താങ്ങാനാകാതെ നഷ്ടം; കളംവിടുന്ന ക്ഷീര കര്‍ഷകരുടെ എണ്ണം കൂടുന്നു
Comments
DeToor reflective wanderings…