Tuesday , December 16 2025, 8:32 pm

സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനില്ല; ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടന്ന് പി.വി. അന്‍വര്‍

മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകില്ലെന്ന് പി.വി അന്‍വര്‍. ഒരു പകല്‍ കൂടി കാത്തിരിക്കണമെന്ന് യു.ഡി.എഫ് നേതാക്കാള്‍ ആവശ്യപ്പെട്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഇന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ടെന്നും രാവിലെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നും പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗിലെയും കോണ്‍ഗ്രസിലെയും ചില പ്രധാനപ്പെട്ട നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്.

‘ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗിന്റെ ഉന്നതരായ നേതാക്കളും മറ്റ് സാമുദായിക നേതാക്കളും, കോണ്‍ഗ്രസിലെ ചില നേതാക്കളും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ നടത്തരുതെന്നും ഒരു പകല്‍ കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയാന്‍ തീരുമാനിച്ച കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. കാത്തിരിക്കണമെന്ന് ഇത്രയും മുതിര്‍ന്ന നേതാക്കള്‍ പറയുമ്പോള്‍ എനിക്കത് അനുസരിക്കാതിരിക്കാനാകില്ല,’ പി.വി അന്‍വര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ മാന്യമായൊരു പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പ്രസ്താവനകള്‍ പിന്‍വലിച്ചില്ലെങ്കിലും പ്രശ്‌നമില്ല സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പ്രസ്താവനയെങ്കിലും പിന്‍വലിക്കാന്‍ അന്‍വര്‍ തയാറാകണമെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്.

Comments