ജപ്പാന്‍കാരെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചത് ലക്ഷദ്വീപുകാര്‍…
ലോകമെമ്പാടുമുള്ള മത്സ്യബന്ധനരീതികൾ പരിചയപ്പെടാൻ ജപ്പാൻ കാർ നടത്തിയ യാത്രയുടെ ഭാഗമായിരുന്നു ലക്ഷദ്വീപ് സന്ദർശനം. , ലോകത്ത് തന്നെ ഏറ്റവുമധികം ടൂണ പിടികൂടുന്നതും കയറ്റുമതി ചെയ്യുന്നതും അന്നുമിന്നും ജപ്പാനാണ്. എന്നാൽ, ടൂണയെ പിടികൂടാൻ ലക്ഷദ്വീപുകാർ ഉപയോഗിക്കുന്നത് പരമ്പരാഗത ചൂണ്ടയാണെന്ന് കേട്ടപ്പോൾ ജാപ്പനീസ് സംഘത്തിന് സഹതാപമായി. അത്യാധുനികവും ശാസ്ത്രീയവുമായ ടൂണ മത്സ്യബന്ധനത്തിൽ ദ്വീപുകാർക്ക് പരിശീലനം നൽകാമെന്ന് അവർ അറിയിച്ചു.
പരിശീലനപരിപാടികൾക്ക് മുൻപ് ജപ്പാനിൽനിന്നും ലക്ഷദ്വീപിൽനിന്നുമുള്ള മത്സ്യത്തൊഴിലാളി സംഘങ്ങളുടെ പ്രദർശനമത്സരം പുറംകടലിൽ നടന്നു. എന്നാൽ, മത്സരം അവസാനിക്കുമ്പോൾ പരമ്പരാഗതചൂണ്ട ഉപയോഗിച്ച് ലക്ഷദ്വീപുകാർ പിടികൂടിയ ടൂണയുടെ പകുതിപോലും പിടിച്ചെടുക്കാൻ ജപ്പാൻകാരുടെ അത്യാധുനിക സംവിധാനങ്ങൾക്ക് സാധിച്ചില്ല. പിന്നീട്, ദ്വീപുകാരായ ഒരു സംഘം മത്സ്യത്തൊഴിലാളികളെ ജപ്പാനിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി ചൂണ്ടയിട്ടുള്ള ടൂണപിടുത്തം അവിടെയും പ്രചരിപ്പിച്ചുവെന്നാണ് കഥ.

ഇന്ത്യയിൽ ആളോഹരി മത്സ്യവിഹിതം ഏറ്റവുമധികമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. അറുപത്തയ്യായിരത്തോളം വരുന്ന ജനസംഖ്യയിലധികവും മത്സ്യബന്ധനത്തിലൂടെയാണ് ഉപജീവനം നടത്തുന്നത്. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ടൂണപിടുത്തമാണ്. ദ്വീപുസമൂഹത്തിലെ ജനവാസമുള്ള പത്തു തുരുത്തുകളിലും മത്സ്യബന്ധനമുണ്ടെങ്കിലും മുൻപന്തിയിൽ നിൽക്കുന്നത് മിനിക്കോയ്, അഗത്തി ദ്വീപുകളാണ്. 1950-കളിൽ ലക്ഷദ്വീപിലെ മത്സ്യോത്പാദനം 500 ടൺ മാത്രമായിരുന്നുവെങ്കിൽ ഇപ്പോഴിത് 12,000 ടണ്ണായി ഉയർന്നിട്ടുണ്ട്.
പിൻവശത്ത് പരന്ന പലകയുള്ള ചെറുബോട്ടുകളിൽ സഞ്ചരിച്ചാണ് ലക്ഷദ്വീപുകാരുടെ ചൂണ്ടയിടൽ. പുലർച്ചെ ചൂണ്ടക്കാരുമായി പുറംകടലിലേക്ക് പോകുന്ന ബോട്ടുകൾ ഉച്ചകഴിയുമ്പോഴേക്കും നിറയെ ടൂണാമത്സ്യങ്ങളുമായി മടങ്ങിയെത്തുന്നു. ഒരു ബോട്ടിൽ എട്ടുപേർ വീതമാണ് ടൂണപിടിക്കാൻ പോകുന്നത്. ടൂണ കൂടുതലുള്ള പ്രദേശത്ത് ജലനിരപ്പിന് മീതെ ധാരാളം കടൽപ്പക്ഷികൾ പറക്കുന്നുണ്ടാവും. ടൂണകളുടെ പാച്ചിലിനിടെ മുകളിലേക്ക് ചിതറിത്തെറിക്കുന്ന ചെറുമത്സ്യങ്ങളെ തീറ്റയാക്കാനാണ് പക്ഷിക്കൂട്ടത്തിന്റെ ശ്രമം. കടലിൽ ടൂണയുള്ള സ്ഥലം കണ്ടെത്തിയാൽ, അതിന് മീതെകൂടി ഇവർ ബോട്ടോടിക്കും. ഒപ്പംതന്നെ ബോട്ടിൽ സൂക്ഷിച്ചിട്ടുള്ള ചെറുമത്സ്യങ്ങളെ ഒരാൾ കടലിലേക്ക് വാരിയെറിഞ്ഞു കൊണ്ടിരിക്കും. ഈ സമയം ബോട്ടിന്റെ പിൻവശത്തുള്ള പലകയിൽ നിരന്നുനിൽക്കുന്ന അഞ്ചു ചൂണ്ടക്കാരാണ് മീൻപിടുത്തക്കാർ. ഇവർ ദ്രുതഗതിയിൽ ചൂണ്ടയിടുകയും വലിച്ചെടുക്കുകയും ചെയ്യും. നീളമുള്ള കമ്പിൽ മൂന്ന് മീറ്ററോളം ചരടും അതിൽ കെട്ടിയ ചൂണ്ടയുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഓരോ തവണ ചൂണ്ട ഉയർത്തുമ്പോഴും ഒന്നര മുതൽ നാലു കിലോഗ്രാം വരെ ഭാരമുള്ള ടൂണയെ ചൂണ്ടയിൽ കുരുക്കാൻ കഴിയുന്ന അത്ഭുതകരമായ മത്സ്യബന്ധനരീതിയാണിത്. തീറ്റ കൊരുക്കാറില്ലെങ്കിലും ചെറുമീനുകളാണെന്ന് തെറ്റിദ്ധരിച്ച് വെള്ളി നിറമുള്ള ചൂണ്ടയും ടൂണ വിഴുങ്ങുന്നു. വലിച്ചെടുക്കുന്ന ചൂണ്ടയിൽനിന്നും മത്സ്യങ്ങൾ സ്വാഭാവികമായി ബോട്ടിനുള്ളിലേക്ക് ഊരിവീഴും. ചൂണ്ടയ്ക്ക് കൊളുത്തില്ല എന്നതാണ് ഇതിന് കാരണം.
അതീവവൈദഗ്ധ്യമുള്ള ചൂണ്ടക്കാരനാണെങ്കിൽ ഓരോ മിനിട്ടിലും 24 മത്സ്യങ്ങളെ വീതം പിടികൂടുന്നു. അങ്ങനെ, അഞ്ചുപേർ ചേർന്ന് മിനിട്ടിൽ നൂറ്റിയിരുപത് ടൂണകളെയാണ് ബോട്ടിനുള്ളിലാക്കുന്നത്. മഴ പെയ്യുന്നതുപോലെ മീൻ വന്നുവീഴുന്ന അത്ഭുതകാഴ്ച. കടലിൽനിന്നും ചൂണ്ട പിന്നിലേക്ക് വലിച്ചെടുക്കുമ്പോൾ അന്തരീക്ഷത്തിൽ വെച്ചുതന്നെ ചൂണ്ടക്കൊളുത്തിൽ നിന്നൂരുന്ന മത്സ്യം ബോട്ടിനുള്ളിൽ വീഴും.
ബാർബില്ലാതെ പ്രത്യേക രീതിയിൽ നിർമ്മിക്കുന്ന ചൂണ്ടക്കൊളുത്തായതു കൊണ്ടാണ് മത്സ്യങ്ങൾ തനിയെ ഊരിവീഴുന്നത്. ബോട്ടിനുള്ളിൽ മത്സ്യങ്ങൾ നിറഞ്ഞുവരുന്നതനുസരിച്ച് പലതും കടലിലേക്കുതന്നെ തെറിച്ചുവീഴുന്നതും കാണാം.
നിറയെ മത്സ്യങ്ങളുമായി ബോട്ടുകൾ തിരിച്ചെത്തിയാലുടൻ മാസ് ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കും. തലയും മുള്ളും കളഞ്ഞ് ശുചിയാക്കിയെടുക്കുന്ന മത്സ്യം ശുദ്ധജലവും ഉപ്പുവെള്ളവും ചേർത്ത് വേവിച്ചെടുക്കുകയാണ് ആദ്യഘട്ടം.
പിന്നീടിത് ആറുമണിക്കൂർ നന്നായി പുക കൊള്ളിച്ച ശേഷം ഒരാഴ്ചയോളം വെയിലത്തുവച്ച് ഉണക്കിയെടുക്കുന്നതാണ് മാസ്. പുറംകടലിൽ പോയുള്ള മീൻപിടുത്തം പുരുഷന്മാരുടെ കുത്തകയാണെങ്കിൽ, പല ദ്വീപുകളിലും മാസ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് സ്ത്രീകളാണ്. വർഷങ്ങളോളം കേടുകൂടാതെയിരിക്കുന്ന മാസ് മംഗലാപുരത്തും ചെന്നൈയിലും തൂത്തുക്കുടിയിലുമെല്ലാം എത്തിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കും. ഒരു കിലോ മാസിന് ശരാശരി 350 രൂപ മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്നു.

സെപ്തംബർ മുതൽ മെയ് വരെയാണ് ലക്ഷദ്വീപിൽ ഏറ്റവുമധികം ടൂണാമത്സ്യബന്ധനം നടക്കുന്നത്. ജൂൺ മാസത്തിൽ മൺസൂൺ ആരംഭിച്ചുകഴിഞ്ഞാൽ പിന്നെ ബോട്ടുകളെല്ലാം കരയ്ക്കുകയറ്റും. വർഷകാലത്ത് ഇവർ നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തുന്നത് മാസിന്റെ വിപണനത്തിലൂടെയാണ്. പരമ്പരാഗതരീതിയിൽ സംസ്‌ക്കരിച്ചെടുക്കുന്നത് ആയതിനാൽ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം. പച്ചമീൻ ലഭ്യമല്ലാത്തപ്പോൾ ദ്വീപുജനത സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതും മാസ് തന്നെയാണ്. ടൂണകളെ പിടിക്കാൻ മാത്രമായി അറുനൂറോളം ബോട്ടുകൾ ലക്ഷദ്വീപിലുണ്ട്. മത്സ്യബന്ധനത്തിന്റെയും സംസ്‌കരണത്തിന്റെയും ഏതെങ്കിലുമൊരു ഘട്ടത്തിൽ നേരിട്ടു പങ്കെടുക്കാത്ത ആരുംതന്നെ ഇവിടെയില്ലെന്നു പറയാം.
DeToor reflective wanderings…