കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടിന്റെ മുഖ്യആസൂത്രക മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ). സി.എം.ആര്‍.എല്‍. കമ്പനിയില്‍നിന്ന് വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുടെപേരില്‍ മൂന്നുലക്ഷവും എത്തിയതായും കണ്ടെത്തല്‍. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയില്‍ എസ്.എഫ്.ഐ.ഒ. സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. എക്‌സാലോജിക് കമ്പനി തുടങ്ങിയശേഷം വളര്‍ച്ച താഴേക്കായിരുന്നെന്ന് കുറ്റപത്രത്തിലുണ്ട്. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് കമ്പനിക്കുണ്ടായിരുന്നത്. സി.എം.ആര്‍.എലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. സി.എം.ആര്‍.എലിന് എക്‌സാലോജിക് സേവനം നല്‍കിയതിന് തെളിവില്ല. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സി.എം.ആര്‍.എലില്‍നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒ. കണ്ടെത്തല്‍. ടി.വീണയും സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്‌ടര്‍ ശശിധരന്‍ കര്‍ത്തയും ഒത്തുകളിച്ചാണ് ഈ തുക തട്ടിയത്. കേസില്‍ 11-ാം പ്രതിയാണ് വീണ. എസ്.എഫ്.ഐ.ഒ. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
DeToor reflective wanderings…