വലിയ താരനിരയോ പ്രൊമോഷനോ ഇല്ലാതെ മെയ് 8ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് പടക്കളം. ഇപ്പോഴിതാ മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ് ചിത്രം.
സന്ദീപ് പ്രദീപ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു സ്വരാജ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമിച്ച ചിത്രമാണ് പടക്കളം. റിലീസിന് ശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായ ഇന്നലെയും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം 18 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയത് 14.84 കോടി ഗ്രോസ് ആണ്. നെറ്റ് കളക്ഷന്‍ 13.24 കോടിയും. 11 ദിവസം കൊണ്ടു തന്നെ ചിത്രം തങ്ങള്‍ക്ക് ലാഭമായെന്ന് നിര്‍മ്മാതാവ് വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു. ചെറിയ ബജറ്റില്‍ എത്തിയ ചിത്രം യുവ പ്രേക്ഷകരെയാണ് പ്രധാനമായും ലക്ഷ്യമാക്കിയത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ സമീപകാലത്ത് കുറവാണ് എന്നതും പടക്കളത്തിന് ഗുണകരമായി മാറി.