Tuesday , January 13 2026, 11:40 am

ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി; വ്യക്തപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു: ഡോ.ഹാരിസ്

തിരുവനന്തപുരം: തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കല്‍. തന്റെ ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയിരിക്കയാണെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ യുടെ ഭാരവാഹികള്‍ക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പില്‍ പറയുന്നു.

‘അധികൃതരുടെ ലക്ഷ്യം വേറെയാണ്. തന്നെ കുടുക്കാന്‍ കൃത്രിമം കാണിക്കാനാണോയെന്ന് സംശയമുണ്ട്. ഔദ്യോഗികമായ രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണം. കാണാതായെന്ന് പറയുന്ന ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ട്’, ഹാരിസ് പറഞ്ഞു.

അതേസമയം മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായെന്ന് ആരോപിക്കപ്പെട്ട ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജാണ് യുറോളജി വിഭാഗത്തില്‍ നിന്നും എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി പറഞ്ഞത്. ഇക്കാര്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

 

 

Comments