Tuesday , July 8 2025, 11:22 pm

വിശ്വാസ് കുമാർ മാത്രമല്ല;ചരിത്രത്തിൽ വേറെയുമുണ്ട് മരണത്തെ അതിജീവിച്ച ചില അത്ഭുത രക്ഷപ്പെടൽ

അഹമ്മദാബാദ് വിമാനദുരന്തത്തിൽ 241 യാത്രക്കാരും മരിച്ചപ്പോൾ ഒരു യാത്രക്കാരന് മാത്രമാണ് രക്ഷപ്പെടാൻ സാധിച്ചത്. എമർജെൻസി എക്സിറ്റിനടുത്തെ സീറ്റിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് വിശ്വാസ് കുമാറെന്ന ബ്രിട്ടീഷ് പൗരൻ അത്ഭുതകരമായി ദുരന്തത്തെ അതിജീവിച്ചത്. ഇത്തരത്തിൽ ആകാശ ദുരന്തത്തെ ഇതിന് മുമ്പും ചിലർ അതിജീവിച്ചിട്ടുണ്ട്.

1971ൽ പെറുവിൽ ലാൻസ 508 ഇടിമിന്നലേറ്റ് ആമസോൺ മഴക്കാടുകളിൽ തകർന്ന് വീണപ്പോൾ അന്ന് വിമാനത്തിലുണ്ടായിരുന്ന 91 പേരും മരിച്ചപ്പോൾ അതിജീവച്ചത് ഒരാൾ മാത്രമാണ്. 10,000 അടി മുകളിൽ നിന്ന് വിമാനം തകർന്ന് വീണപ്പോൾ ജൂലിയാൻ കോപ്കെ എന്ന 17കാരി അന്ന് മരണത്തെ തോൽപ്പിച്ചു. പതിനൊന്ന് ദിവസം ആമസോൺ കാടുകളിൽ ജൂലിയാൻ അതിജീവിച്ചു.

1972ൽ സ്വീഡനിലെ സ്റ്റോക് ഹോമിൽ നിന്ന് സെർബിയയിലെ ബെൽ​​ഗ്രേഡിലേക്ക് പോയ വിമാനം ബോംബ് പൊട്ടിത്തെറിച്ച് തകർന്നപ്പോൾ 27 പേരാണ് മരിച്ചത്. അന്ന് അവശേഷിച്ചത് സെർബിയൻ സ്വദേശിയായ 23കാരി വെസ്ന വുലോവിച്ച് മാത്രമാണ്. 1987ൽ അമേരിക്കയിലെ നോർത്ത് വെസ്റ്റ് എയർലൈൻസ് വിമാനം പറന്നുയർന്നതിന് പിന്നാലെ തകർന്ന് വീണപ്പോൾ 156 പേരാണ് മരിച്ചത്. കത്തിച്ചാമ്പലായ വിമാനാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് അന്ന് നാല് വയസുകാരിയായ സെസീലിയ സിചാനെ ജീവനോടെ കണ്ടെത്തി.

2009ൽ യെമനിയ 626 വിമാനം കൊമോറസ് ദ്വീപുകൾക്ക് സമീപം തകർന്ന് വീണപ്പോൾ 152 പേർ മരിച്ചു. എന്നാൽ 9 മണിക്കൂറോളം വിമാനാവശിഷ്ടങ്ങൾക്കിടയിൽ പിടിച്ച് നിന്ന് 12 വയസുകാരിയായ ബഹിയ ബക്കാരി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നു.

Comments