ബെംഗളൂരു: ഭാഷാവിവാദത്തില്‍ നടന്‍ കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി. ഖേദ പ്രകടനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് അടിസ്ഥാനത്തിലാണ് ഭാഷയെ പറ്റി പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ കമല്‍ഹാസന്‍ തന്നെയാണ് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചത്. കന്നഡ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന് പ്രമോഷന്‍ പരിപാടിക്കിടെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബര്‍ കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്.
എന്നാല്‍ കോടതിയുടെ വിമര്‍ശനത്തോടെ തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് കമല്‍ഹാസന്‍ മറുപടി നല്‍കി. ഇത് ചൂണ്ടിക്കാട്ടി കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് കമല്‍ഹാസന്‍ കത്തയച്ചു. കന്നട ഭാഷയെ ഇകഴ്ത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. നമ്മളെല്ലാവരും ഒന്നാണെന്ന് പറയാനാണ് ശ്രമിച്ചതെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ വേദന ഉണ്ടെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നത്.