Wednesday , March 11 2026, 7:13 am

കോഴിക്കോട് കനത്തമഴ; മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇടവിട്ടുള്ള കനത്തമഴ തുടരുന്നു. മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കച്ചേരിക്കുന്നിലെ 20 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മലയോര മേഖലയായ നാദാപുരം, കുറ്റ്യാടി, താമരശേരി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രാമീണ റോഡുകളില്‍ വെള്ളം കയറി.

വൈദ്യുതി പോസ്റ്റുകള്‍ ശക്തമായ മഴയില്‍ നിലം പൊത്തിയത് കാരണം കോഴിക്കോട് ഗ്രാമീണ മേഖലകളില്‍ മിക്കയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ ചാലിയാറും ഇരുവഴിഞ്ഞി പുഴയും കരകവിഞ്ഞ് ഓഴുകുന്ന സ്ഥിതിയാണ്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതിനിടെ, കക്കയം ഡാം ഏത് സമയവും തുറക്കാന്‍ സാധ്യത ഉള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മഴയുടെ ശക്തി കുറയാന്‍ സാധ്യത ഉള്ളതിനാല്‍ 14 ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

Comments