കല്‍പറ്റ: വികസന മുരടിപ്പിനു പരിഹാരമില്ലാതെ വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലുള്ള ചീക്കല്ലൂര്‍ ഗ്രാമം. പഞ്ചായത്തിലെ 3,17,18 വാര്‍ഡുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമത്തില്‍ പദ്ധതികള്‍ പലതുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. പട്ടികവര്‍ഗത്തില്‍പ്പെടുന്നതാണ് ഗ്രാമവാസികളില്‍ അധികവും. ചീക്കല്ലൂരില്‍ നടപ്പാക്കിയ പദ്ധതികളെല്ലാംതന്നെ പണം ധൂര്‍ത്തടിക്കാനുള്ള പരിപാടികളായി മാറിയെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വമ്മേരി രാഘവന്‍, ഉണ്ണിക്കൃഷ്ണന്‍ ചീക്കല്ലൂര്‍, കെ.ബാബു മാരാര്‍, കെ.ജി.സുരേഷ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചീക്കല്ലൂരില്‍ വരദൂര്‍ പുഴയ്ക്കു കുറുകെ 1990ല്‍ നിര്‍മിച്ച തടയണ നോക്കുകുത്തിയായി. ഗ്രാമത്തിലെ കരഭൂമിയിലും 200 ഏക്കര്‍ വരുന്ന പാടത്തും ജലസേചനത്തിന് തടയണ ഉതകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മിച്ച തടയണയില്‍ സംഭരിക്കുന്ന വെള്ളം കൃഷിക്ക് ഉപയോഗപ്പെടുത്താനുള്ള യോഗം കര്‍ഷകര്‍ക്ക് ഉണ്ടായില്ല.
ജലസേചനത്തിന് നിര്‍മിച്ച രണ്ട് കുളങ്ങളുടെ നവീകരണത്തിന് കര്‍ഷകര്‍ 2023 സെപ്റ്റംബറില്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളെ സമീപത്തെ ടൗണുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം തകര്‍ന്നുകിടക്കുകയാണ്. ഇതുമൂലം ജനം അനുഭവിക്കുന്ന ദുരിതം പലവട്ടം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ക്കു കുലുക്കമില്ല.
ഗ്രാമത്തില്‍ കുടിവെള്ള വിതരണം രണ്ട് വര്‍ഷത്തിലധികമായി മുടങ്ങിയിരിക്കയാണ്. പതിറ്റാണ്ടുകള്‍ മുമ്പ് ഇവിടെ ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നു. പിന്നീട് അധികാരികള്‍ ജലനിധി പദ്ധതി കൊണ്ടുവന്നു. ഒരു കോടിയില്‍പരം രൂപ ചെലവില്‍ പണിത ജല ശുദ്ധീകരണ പ്ലാന്റ് പദ്ധതിയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ ജല്‍ജീവന്‍ പദ്ധതിയുമായാണ് അധികൃതര്‍ മുന്നോട്ടുപോകുന്നത്. പദ്ധതി എപ്പോള്‍ പൂര്‍ത്തിയാകുമെന്നതില്‍ നടത്തിപ്പുകാര്‍ക്കുപോലും തിട്ടമില്ലാത്ത സ്ഥിതിയാണ്.
1962ല്‍ ചീക്കല്ലൂരില്‍ ആരംഭിച്ച ഗവ.എല്‍.പി സ്‌കൂള്‍ യു.പിയായി ഉയര്‍ത്തണമെന്ന മുറവിളി എങ്ങും എത്തുന്നില്ല. നാലാം ക്ലാസോടെ പഠനം നിര്‍ത്തുകയാണ് ഗ്രാമത്തിലെ പട്ടികവര്‍ഗ കുട്ടികളില്‍ അധികവും. അഞ്ച് കിലോമീറ്റര്‍ അകലെയാണ് യു.പി സ്‌കൂള്‍. വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടും യു.പി വിദ്യാഭ്യാസത്തിന് പോകുന്ന പട്ടികവര്‍ഗ കുട്ടികള്‍ കുറവാണ്.
മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതാണ് ചീക്കല്ലൂരിലെ പട്ടികവര്‍ഗ ഉന്നതികളിലുള്ള വീടുകളില്‍ പലതും. ഇവ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിന് ഉത്തരവാദപ്പെട്ടവര്‍ക്ക് ശുഷ്‌കാന്തിയില്ല. ഗ്രാമത്തിലെ പടിഞ്ഞാറുവീട് ഉന്നതിയില്‍ നിര്‍മിച്ച കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് തള്ളുകയാണ്. ഇത് ഉന്നതിയുള്ളവര്‍ക്കു പ്രയാസം സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
വികസന മുരടിപ്പിനു പരിഹാരമില്ലാതെ ചീക്കല്ലൂര്‍ ഗ്രാമം
Comments
DeToor reflective wanderings…