Monday , November 10 2025, 1:40 am

അപൂർവ്വമല്ലെന്ന് കോടതി വ്യക്തമാക്കി ; സജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട് : നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ച പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, ഈ കേസിനെ അപൂർവങ്ങളിൽ അപൂർവം എന്നു വിശേഷിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ചിരുന്നു. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയതെന്നും അത് സാക്ഷികൾക്കു ഭീഷണിയാണെന്നും പറഞ്ഞ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.ഈ കേസ് അപൂർവങ്ങളിൽ അപൂർവമല്ല എന്നു വ്യക്തമാക്കിയ ജസ്റ്റിസ് കെന്നത്ത് ജോർജ്, ആ നിരീക്ഷണത്തിന് അടിസ്ഥാനമായ കാര്യങ്ങളും വിശദീകരിച്ചിരുന്നു.

      പ്രതിക്ക് മുൻ കുറ്റകൃത്യചരിത്രമില്ല. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ്, കൊല്ലപ്പെട്ട സജിതയുടെ ഭർത്താവിനെയും അമ്മയെയും ചെന്താമര കൊലപ്പെടുത്തിയത്. പക്ഷേ അത് നിലവിലുള്ള കേസുമായി ബന്ധിപ്പിക്കാനാവില്ല. ഇരട്ടക്കൊലക്കേസിന്റെ വിചാരണ നടക്കുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ, പ്രതി ഇരട്ടക്കൊല ചെയ്തെന്ന് നിയമപരമായി ഉറപ്പിച്ചു പറയാനാവില്ല. അത്തരം വാദം ഈ ഘട്ടത്തിൽ പരിഗണിച്ചാൽ അതിനു നിയമപരമായ നിലനിൽപില്ല. അതുകൊണ്ട് സജിത വധക്കേസിനെ അപൂർവങ്ങളിൽ അപൂർവം എന്നു വിശേഷിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Comments